1വീണ്ടും അദ്ദേഹം അവരോട് സാദൃശ്യകഥകളിലൂടെ സംസാരിച്ചുതുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി. 2വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി ശേഖരിക്കാൻ അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. 3എന്നാൽ, അവർ അവനെ പിടിച്ച് മർദിക്കുകയും വെറുംകൈയോടെ തിരികെ അയയ്ക്കുകയും ചെയ്തു. 4മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു; അവർ ആ മനുഷ്യന്റെ തലയിൽ മുറിവേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു.